അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ പനാജിയിൽ തുടക്കം
പനാജി: ഗോവയിലെ പനാജിയിൽ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. 183 അന്താരാഷ്ട്ര ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഈ മാസം 20 മുതൽ 28 വരെ നടക്കുന്ന മേളയിൽ ഫ്രാൻസാണ് ശ്രദ്ധാകേന്ദ്രം. ഓസ്ട്രേലിയൻ ചിത്രം ‘അൽമ ആൻഡ് ദി ഓസ്കാർ’ ഉദ്ഘാടന ചിത്രവും ക്രിസ് തോഫ് സനൗസിയുടെ ‘പെർഫെക്ട് നമ്പർ’ സമാപന ചിത്രവുമാണ്. ലോക ചലച്ചിത്ര വ്യവസായത്തിന് ആജീവനാന്തം നൽകിയ സംഭാവനകൾ പരിഗണിച്ച് സ്പാനിഷ് സംവിധായകൻ കാർലോസ് സൗരയ്ക്ക് സത്യജിത് റേ പുരസ്കാരം നൽകും.
ആകെ 25 സിനിമകളാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. രണ്ട് മലയാള ചിത്രങ്ങളാണ് ഈ ഗണത്തിൽ ഇടം പിടിച്ചത്. മഹേഷ് നാരായണന്റെ ‘അറിയിപ്പ്’, ‘തരുൺ മൂർത്തി’യുടെ ‘സൗദി വെള്ളക്ക’ എന്നിവ പ്രദർശിപ്പിക്കും. പ്രിയനന്ദനൻ രചനയും സംവിധാനവും നിർവഹിച്ച ‘ധബാരി ക്യുരുവി’ എന്ന ചിത്രവും ഇന്ത്യൻ പനോരമയിൽ ഇടം നേടിയിട്ടുണ്ട്. ആദിവാസികളായ ഇരുളര്‍ മാത്രം അഭിനയിക്കുന്ന ചിത്രമാണിത്. കശ്മീർ ഫയൽസ്, ആർആർആർ, അഖണ്ഡ, ജയ് ഭീം, മേജർ തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും.
നോൺ ഫീച്ചർ വിഭാഗത്തിൽ വിനോദ് മങ്കര സംവിധാനം ചെയ്ത സംസ്കൃത ഭാഷയിലെ യാനം, അഖിൽ ദേവ് എം സംവിധാനം ചെയ്ത വീട്ടിലേക്ക് തുടങ്ങിയ ചിത്രങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. മൊത്തം 20 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.