ഇ-പേപ്പർ അനധികൃതമായി അപ്ലോഡ് ചെയ്യുന്നവരുടെ വിവരം നൽകണമെന്ന് ടെലഗ്രാമിനോട് കോടതി
ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ ഉപയോക്താക്കളുടെ വിവരങ്ങൾ നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശം നൽകി. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ ഇ-പേപ്പറുകൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി അനധികൃതമായി ഷെയർ ചെയ്തവരുടെ വിശദാംശങ്ങൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ദൈനിക് ജാഗരണിന്റെ ഉടമകളായ ജാഗരൺ പ്രകാശ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് നടപടി.
ദൈനിക് ജാഗരൺ ഇ-പേപ്പർ പണം നൽകിയ ശേഷം സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രം വായിക്കാൻ ലഭ്യമാകും. എന്നാൽ, പിഡിഎഫ് ഫോമിൽ ഡൗൺലോഡ് ചെയ്യുന്ന ഇ-പേപ്പർ വിവിധ ടെലിഗ്രാം ചാനലുകളിലൂടെ പങ്കിടപ്പെട്ടു. 2020 ൽ പത്ര ഉടമകൾ ഇതിനെതിരെ നിയമനടപടികൾ ആരംഭിച്ചു.
2020 മെയ് മാസത്തിൽ, ഇ-പേപ്പർ പങ്കിട്ട ഉപയോക്താക്കളുടെ വിശദാംശങ്ങൾ നൽകാൻ കോടതി ടെലിഗ്രാമിന് നിർദ്ദേശം നൽകിയിരുന്നു. എന്നിരുന്നാലും, 2020 ഡിസംബറിൽ, ടെലഗ്രാം വിവരങ്ങൾ നൽകാത്തതിനെ തുടർന്ന് പത്ര ഉടമകൾ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.