മതസ്വാതന്ത്രം മൗലികാവകാശം; അത് ഉപയോഗിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം പാടില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യം ഉപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽപ്പെട്ടവരെ നിർബന്ധിത മതപരിവർത്തനം ചെയ്യുന്നത് തടയാൻ നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പി. വേണുക്കുട്ടൻ നായരാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ഭരണഘടന പറയുന്നു. എന്നാൽ, ഭീഷണി, വഞ്ചന, തട്ടിപ്പ്, പ്രലോഭനം എന്നിവയിലൂടെ മറ്റൊരാളെ മതപരിവർത്തനം ചെയ്യുന്നതിന് ഈ സ്വാതന്ത്ര്യം വിനിയോഗിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം പൗരൻമാർക്ക് മതം പ്രചരിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനത്തിന് അധികാരമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.