ബിരുദ കോഴ്‌സുകളിലെ ഭാഷാപഠനം പരിഷ്കരിക്കുന്നു; ഇനി 2 സെമസ്റ്ററിൽ മാത്രം
തിരുവനന്തപുരം: ബിരുദ കോഴ്സുകളിൽ ഭാഷാ പഠനം പരിമിതപ്പെടുത്തി കോളേജ് കരിക്കുലം പരിഷ്കരണം. നിലവിൽ 4 സെമസ്റ്ററുകളിൽ ഉൾപ്പെടുന്ന ഭാഷ പഠനം രണ്ട് സെമസ്റ്ററുകളായി ചുരുക്കണമെന്നാണ് ശുപാർശ. ഭാഷ കൂടുതൽ പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി പ്രത്യേകം കോഴ്സുകളും ക്രമീകരിക്കും. പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ ബിരുദ പഠനം പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
ഒന്നാം ഭാഷ, രണ്ടാം ഭാഷ, മുഖ്യവിഷയം എന്നതാണ് നിലവിലെ രീതി. ഇത് പരിഷ്കരിക്കുകയും ഫൗണ്ടേഷൻ കോഴ്സുകളാക്കി മാറ്റുകയും ചെയ്യും. ഫൗണ്ടേഷൻ കോഴ്സുകൾ നിർബന്ധിതവും വിഷയാധിഷ്ഠിതവും ഐച്ഛികവുമായി ക്രമീകരിക്കും. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലായിരിക്കും വിഷയാധിഷ്ഠിത കോഴ്‌സുകൾ. പുതിയ പാഠ്യപദ്ധതി പ്രധാന വിഷയങ്ങളിൽ (മേജർ) ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രധാന വിഷയങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ഭാഷാ കോഴ്സുകളിലെ കുറവ് നികത്താൻ മൈനർ, ഓപ്ഷണൽ, ഇലക്ടീവ് കോഴ്സുകൾ അവതരിപ്പിക്കും. ഭാഷയിൽ താൽപ്പര്യമുള്ളവർക്ക് ഇവ തിരഞ്ഞെടുക്കാം. മെച്ചപ്പെട്ട രീതിയിൽ ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന കോഴ്സുകൾ രൂപകൽപ്പന ചെയ്ത് ഭാഷയെക്കുറിച്ചുള്ള പഠനം ഗൗരവമുള്ളതാക്കും.