വിഴിഞ്ഞം സമരം; കേന്ദ്ര സേനയെ മേഖലയിൽ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സർക്കാർ
കൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമ്മാണ കരാർ കമ്പനിയായ ഹോവ് എഞ്ചിനീയറിംഗ് പ്രോജക്ടും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര സേനയുടെ സഹായം തേടാൻ സംസ്ഥാന സർക്കാർ മടിക്കുന്നതെന്തിനാണെന്ന് ഹർജി പരിഗണിക്കവേ അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതല്ലാതെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
നേരത്തെ വിഴിഞ്ഞം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പൊലീസും എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് കർശന താക്കീത് നൽകിയ കോടതി, കടുത്ത നടപടി സ്വീകരിക്കാൻ നിർബന്ധിക്കരുതെന്നും ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും മുന്നറിയിപ്പ് കൊടുത്തിരുന്നു.