പണം തന്നില്ലെങ്കിൽ ശാഖകൾ ഉപരോധിക്കും; ബാങ്കിനെതിരെ കോഴിക്കോട് മേയർ
കോഴിക്കോട്: മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ചു കയറിയ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്. കോഴിക്കോട് കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിലാണ് സംഭവം. മേയർ സ്ഥലത്തില്ലാത്തതിനാൽ നഗരസഭാ സെക്രട്ടറിക്കെതിരെയാണ് പ്രതിഷേധം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയർ പറഞ്ഞു. വീടിനുള്ളിൽ, ബെഡ്റൂമിൽ വരെ കയറി പ്രതിഷേധിച്ചു. യു.ഡി.എഫ് കൗൺസിലർമാരുടെ ഭാഗത്ത് നിന്നുണ്ടായ വളരെ ലജ്ജാകരമായ നടപടിയായിരുന്നു അത്. ഗൂഡാലോചന നടന്നോ എന്ന് അറിയില്ലെന്നും എന്നാൽ കരുതിക്കൂട്ടി വന്നതാണെന്നും മേയർ പറഞ്ഞു. ബാങ്ക്
തിങ്കളാഴ്ച പണം നൽകിയില്ലെങ്കിൽ ശാഖകൾ ഉപരോധിക്കുമെന്നും അവർ പറഞ്ഞു.
ഞങ്ങൾ നിയമപരമായി മുന്നോട്ട് പോകും. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നീങ്ങണം. യു.ഡി.എഫ് ഉണ്ടെങ്കിൽ അവരും വരണം. ശക്തമായ പ്രതിഷേധ പരിപാടിക്കാണ് എൽഡിഎഫ് തയ്യാറെടുക്കുന്നത്. രണ്ട് ദിവസത്തെ സമയം വേണമെന്നാണ് ബാങ്ക് പറയുന്നത്. പൂർണ്ണമായും തിരികെ നൽകുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഓഡിറ്റിംഗ് പൂർത്തിയാക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു. തിങ്കളാഴ്ച പണം നൽകിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ പ്രത്യക്ഷ സമരം ഉണ്ടാകും. ബാങ്ക് ശാഖകൾ ഉപരോധിക്കും. യു.ഡി.എഫും ബി.ജെ.പിയും വന്നാൽ അവരെയും ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു.