തുറമുഖ- മത്സ്യബന്ധന മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലരുടെ ശ്രമം: മുഖ്യമന്ത്രി

തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലയെയും അഭിവൃദ്ധിപ്പെടുത്തുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നടത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലാനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ എല്ലാ പദ്ധതികളെയും എതിര്‍ത്തവരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന ആ നിലപാടില്‍ നിന്ന് ഒരു മാറ്റവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിഴിഞ്ഞം മുതല്‍ ബേപ്പൂര്‍ വരെ അഞ്ച് തുറമുഖങ്ങളിലായി 34.17 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. മലബാറിന്റെ വികസനം ലക്ഷ്യമിട്ട് ബേപ്പൂര്‍ തുറമുഖത്തിനായി 3.85 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുത്തിട്ടുണ്ട്. വികസന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രം മാറ്റിയെഴുതുകയാണ്. ആഗോളവത്ക്കരണത്തിനെതിരെ ഒരു ബദല്‍ മാര്‍ഗം സ്വീകരിച്ച് സര്‍വതല സ്പര്‍ശിയായ സമഗ്ര വികസനം യാഥാര്‍ഥ്യമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴീക്കല്‍ തുറമുഖത്ത് പുതുതായി സ്ഥാപിച്ച 14 കപ്പല്‍ ചാനലിന്റെ മാര്‍ക്കിംഗ് ബോയകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അഴീക്കല്‍ തുറമുഖത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ആഴം വര്‍ധിപ്പിച്ച ചാനലില്‍ക്കൂടിയുള്ള കപ്പലുകളുടെ സുഗമമായ പോക്കു വരവിനായാണ് 56 ലക്ഷം രൂപ ചെലവില്‍ ചാനല്‍ മാര്‍ക്കിംഗ് സ്ഥാപിച്ചിരിക്കുന്നത്.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. വി ജെ മാത്യു, ചീഫ് എക്‌സിക്യൂട്ടീവ് ടി പി സലീം കുമാര്‍, വിവിധ വകുപ്പ് മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ ശിലാഫലകം അനാച്ഛാദനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, പഞ്ചായത്ത് അംഗം കെ സി ഷദീറ, മാരിടൈം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.