ഹോംബാലെ ഫിലിംസ് തമിഴകത്തേക്ക്; കേന്ദ്രകഥാപാത്രമായി കീർത്തി സുരേഷ്
ബ്ലോക്ക്ബസ്റ്റർ ചിത്രം കെജിഎഫിലൂടെ ഇന്ത്യയിലുടനീളം ജനപ്രീതി നേടിയ ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ഹോംബാലെ ഫിലിംസ്. ഇപ്പോഴിതാ തമിഴകത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോംബാലെയുടെ അണിയറ പ്രവർത്തകർ. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
‘രഘു താത്ത’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. “വിപ്ലവം വീട്ടിൽ നിന്ന് തുടങ്ങുന്നു” എന്ന് കുറിച്ചാണ് ഹോംബാലെ ഫിലിംസ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. സുമൻ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം, ഹോംബാലെ ഫിലിംസിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം കാന്താരയാണ്. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ബോക്സ് ഓഫീസും പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചിരുന്നു. ഈ ബാനറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്ന സലാറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഫഹദ് ഫാസിലും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ധൂമം’ എന്ന ചിത്രവും ഹോംബാലെ നിർമ്മിക്കുന്നുണ്ട്. ലൂസിയ, യു ടേൺ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പവൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.