വിഴിഞ്ഞം സമരം; ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സമരപ്പന്തല്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഇന്ന് വിഴിഞ്ഞത്തെത്തും. സംഘർഷാവസ്ഥ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. ദൗത്യ സംഘം സമരപ്പന്തലുകളും സന്ദർശിക്കും.
വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുക, സമാധാനം പുനഃസ്ഥാപിക്കുക, സമരത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് തലസ്ഥാനത്തെ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ വിഴിഞ്ഞത്തെത്തുന്നത്.
ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന തലവൻ ഡോ.കെ.എസ്. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മാർത്തോമാ സഭ തിരുവനന്തപുരം ബിഷപ് ഡോ.മാർ ബർണബാസ് മെത്രാപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, മലങ്കര കത്തോലിക്കാ സഭ സഹായ മെത്രാൻ യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ, മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ എന്നിവരാണ് സംഘത്തെ നയിക്കുക. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദൗത്യ സംഘം വിഴിഞ്ഞം സന്ദർശിക്കും.