തരൂരിനെതിരെ കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായതോടെ പിൻവലിച്ചു
കോട്ടയം: കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. തരൂരിനെതിരെ രൂക്ഷവിമർശനവുമായി വന്ന പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ അടുക്കളയിൽ പാത്രം കഴുകി കോണ്‍ഗ്രസ്സായി മാറിയ ശേഷം പാർലമെന്റ് സീറ്റ് വാങ്ങി വിമാനത്തിൽ വന്നിറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റ് വിവാദമായതോടെ ഡിലീറ്റ് ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശശി തരൂരിന്റെ അനുയായികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി നാട്ടകം സുരേഷ് രംഗത്തെത്തി. ഈ പേജ് ഡി.സി.സി.യുടെ ഔദ്യോഗിക പേജല്ല. പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നായിരുന്നു നാട്ടകം സുരേഷിന്റെ വിശദീകരണം. അതേസമയം, പേജിൽ നൽകിയ ഫോൺ നമ്പർ ഉൾപ്പെടെ നാട്ടകത്തിന്റേതാണെന്നാണ് തരൂരിന്റെ അനുയായികൾ പറയുന്നത്.
കോട്ടയത്ത് പൊതുപരിപാടിക്ക് എത്തിയ ശശി തരൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കാതെയാണ് എത്തിയതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും പറഞ്ഞിരുന്നു.