ഡൽഹിയിൽ വായുമലിനീകരണം ഗുരുതരം; അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്
ന്യൂഡൽഹി: ഞായറാഴ്ച തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അടിയന്തരമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് വായു ഗുണനിലവാര സമിതി വിലക്കേർപ്പെടുത്തി. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾക്ക് അനുസൃതമായാണ് നിരോധനം.
ജി.ആർ.എ.പി നടപ്പാക്കുന്നതിനുള്ള ഉപസമിതി ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
24 മണിക്കൂർ നേരത്തെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) ഞായറാഴ്ച വൈകുന്നേരം 4 ഓടെയാണ് ക്രിട്ടിക്കൽ കാറ്റഗറിയിൽ എത്തിയത്.
ഇത് കൂടുതൽ വഷളാകാതിരിക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നവംബർ 4നാണ്, വായുവിന്റെ ഗുണനിലവാരം ഗുരുതര വിഭാഗത്തിൽ പ്രവേശിച്ചത്. അന്നും ജി.ആർ.എ.പി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.