റഷ്യന്‍ തീരത്ത് ആയിരത്തിലധികം കടല്‍നായ്കള്‍ ജീവനറ്റ നിലയിൽ; കാരണം അവ്യക്തം
മോസ്കോ: റഷ്യയിലെ കാസ്പിയൻ കടൽ തീരത്ത് ആയിര കണക്കിന് കടൽ നായ്ക്കൾ കരയ്ക്കടിഞ്ഞു. 2,500 ഓളം കടൽ നായ്ക്കളാണ് ഈ ആഴ്ച തീരപ്രദേശത്ത് കരയ്ക്കടിഞ്ഞതായി കണ്ടെത്തിയത്. കൊന്നതിന്റെയോ വലകളില്‍ കുടുങ്ങിയതിന്റെയോ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സ്വാഭാവികമായ കാരണങ്ങളാലാണ് കടൽ നായ്ക്കൾ തീരത്തടിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നു. റഷ്യയുടെ തെക്കൻ ഭാഗത്താണ് സംഭവം.
ആദ്യം 700 ഓളം കടൽനായ്കളാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പിന്നീട് ഇത് 2,500 ആയി ഉയർന്നു. ഓക്സിജന്റെ അഭാവം മൂലമാണ് ഇത്രയും കടൽ നായ്ക്കൾ കരയ്ക്കടിഞ്ഞതെന്നാണ് കരുതുന്നത്.
പ്രകൃതി വാതക ബഹിർഗമനം ഓക്സിജൻ ക്ഷാമത്തിലേക്ക് നയിച്ചോ എന്ന് ശാസ്ത്രജ്ഞർ അന്വേഷിക്കുന്നുണ്ട്. ധാരാളം പ്രകൃതി വാതക റിസര്വുകളുളള മേഖല കൂടിയാണ് കാസ്പിയന്‍ സമുദ്രം. ഇവിടെ 2,70,000 മുതല്‍ 3,00,000 വരെ കടല്‍നായ്കള്‍ ഉണ്ടെന്നാണ് ഫിഷറീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ഐയുസിഎന്‍ ലിസ്റ്റ് പ്രകാരം വംശനാശം അഭിമുഖീകരിക്കുന്നവയാണ് കാസ്പിയന്‍ കടല്‍നായ്കള്‍.