സംസ്ഥാനത്ത് എംഎസ്എംഇ രംഗത്ത് വൻ കുതിപ്പ്; 2.2 ലക്ഷം പേർക്ക് തൊഴിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ എട്ട് മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
സംസ്ഥാനത്തെ എംഎസ്എംഇ സംരംഭങ്ങൾക്ക് കൂടുതൽ വിപണി ഉറപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ‘മെയ്ഡ് ഇൻ കേരള’ എന്ന പുതിയ ബ്രാൻഡ് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചർച്ചയിൽ വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭ്യമാക്കാനാണ് സർക്കാരിന്റെ ഈ ശ്രമം. പുതിയ സംരംഭങ്ങൾ നിലനിർത്താൻ താലൂക്ക് വിപണന മേള നടത്തും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 30നാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംരംഭക വർഷം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് സംസ്ഥാന, ജില്ലാ, തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ തലത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി പ്രൊഫഷണൽ യോഗ്യതയുള്ള 1153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെൽപ്പ് ഡെസ്കുകൾ വഴിയുള്ള ഇന്റേണുകളുടെ സേവനം ലഭ്യമാണ്.