ഒരാൾക്ക് നാല് ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധം, ഏകീകൃത സിവില്‍കോഡ് വികസനത്തിന്; ഗഡ്കരി

ന്യൂഡല്‍ഹി: ഒരാൾക്ക് 4 ഭാര്യമാരുള്ളത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ലെന്നും വിദ്യാസമ്പന്നരും പുരോഗമനവാദികളും 4 വിവാഹം കഴിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം പുരുഷൻമാർക്ക് ഒന്നിലധികം ഭാര്യമാരുള്ളതിനെ പാർട്ടി എതിർക്കുന്നുവെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ്, 4 വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പരസ്യമായി വിമർശിച്ചിരിക്കുന്നത്.

“രണ്ട് സിവില്‍ കോഡുകളുള്ള ഏതെങ്കിലും മുസ്ലീം രാഷ്ട്രത്തെ നിങ്ങള്‍ക്കറിയാമോ? ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന്‍ നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതി വിരുദ്ധമാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളുമൊന്നും നാല് വിവാഹം കഴിക്കുന്നില്ല. ഏകീകൃത സിവില്‍കോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്.”
നിതിൻ ഗഡ്കരി പറഞ്ഞു.