മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ
തിരുവനന്തപുരം: സ്കൂൾ തലം മുതൽ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യങ്കാളി ഹാളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമാണൊരുവൻ്റെ ജന്മസിദ്ധമായ അവകാശങ്ങളെന്ന് ജസ്റ്റിസ് മണികുമാർ പറഞ്ഞു.
ലോകത്ത് ജാതിയും മതവും എവിടെയുണ്ടെങ്കിലും അത് ആശുപത്രികളിലില്ല. രക്തമോ അവയവമോ സ്വീകരിക്കുമ്പോൾ ദാതാവിന്റെ ജാതിയും മതവും ആരും നോക്കുന്നില്ല. കാരണം ആശുപത്രിയിൽ വലുത് ജീവനാണ്. എല്ലാവർക്കും ഇതേ ബോധ്യമുണ്ടെങ്കിൽ ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടില്ല. 500 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തതിന് ഗിന്നസ് വേൾഡ് റെക്കോർഡ് അർഹിക്കുന്ന രേഖയാണ് സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനമെന്ന് ജസ്റ്റിസ് മണികുമാർ പറഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ട ജനത, അംഗവൈകല്യമുള്ളവർ, കുടിയേറ്റക്കാർ എന്നിവരുടെ മനുഷ്യാവകാശങ്ങൾക്ക് കൂടുതൽ വ്യക്തമായ അടിസ്ഥാനം സൃഷ്ടിക്കാൻ മനുഷ്യാവകാശ പ്രഖ്യാപനത്തിനു കഴിഞ്ഞു. 74 വർഷം മുമ്പ് പ്രഖ്യാപിച്ച മനുഷ്യാവകാശ പ്രഖ്യാപനം പല രാജ്യങ്ങളിലെയും ഭരണഘടനകളിൽ ഇടം നേടി. മനുഷ്യാവകാശ പ്രഖ്യാപനം ഫലപ്രദമായി നടപ്പാക്കുന്നതിനായി, സുപ്രീം കോടതി വിവിധ തരത്തിലുള്ള അവകാശങ്ങളെക്കുറിച്ച് കൃത്യമായ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.