ടാക്സി കാറിൽ അമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പിഞ്ചുകുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്നു
മുംബൈ: മഹാരാഷ്ട്രയിൽ 10 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയും അമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പാർഘർ ജില്ലയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് സംഭവം. യുവതിയെയും വാഹനത്തിൽ നിന്ന് തള്ളിയിട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.
പെൽഹാറിൽ നിന്ന് പോഷറിലേയ്ക്ക് പോകാൻ കുട്ടിയുമായി ടാക്സിയിൽ കയറിയതായിരുന്നു യുവതി. കൂടെ വേറെയും യാത്രക്കാരുണ്ടായിരുന്നു. യാത്രയ്ക്കിടെ ടാക്സി ഡ്രൈവറും യാത്രക്കാരും ചേർന്ന് പീഡിപ്പിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു.
എതിർത്തപ്പോൾ കൈയിലുണ്ടായിരുന്ന മകളെ ഓടുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലൈംഗികമായി ഉപദ്രവിച്ച ശേഷം യുവതിയെയും വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.