അഫ്ഗാനിൽ വിദേശികൾ താമസിക്കുന്ന ഹോട്ടലിന് നേരെ ആക്രമണം; ആയുധധാരികളായ 3 പേരെ വധിച്ചു
കാബൂൾ: വിദേശികൾ താമസിക്കാറുള്ള അഫ്ഗാനിസ്ഥാനിലെ ഹോട്ടലിന് നേരെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിലാണ് സംഭവം. രക്ഷപ്പെടാനായി ജനലിലൂടെ പുറത്തേക്ക് ചാടിയ രണ്ട് വിദേശികൾക്ക് പരിക്കേറ്റതായി താലിബാൻ സർക്കാർ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ചൈനീസ് ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിൽ എത്തുമ്പോൾ താമസിക്കാൻ പതിവായി തിരഞ്ഞെടുക്കുന്നതിനാൽ ഹോട്ടലിനെ ചൈനീസ് ഹോട്ടൽ എന്നാണ് പ്രദേശവാസികൾ വിശേഷിപ്പിക്കുന്നത്.
ആയുധധാരികളായ മൂന്ന് പേരെ വധിച്ചതായി താലിബാൻ വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തിന്റെയും വെടിവയ്പ്പിന്റെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ആക്രമണം മണിക്കൂറുകളോളം നീണ്ടുനിന്നതായി കാബൂൾ പൊലീസിന് വേണ്ടി നിയോഗിച്ച താലിബാന്റെ വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. ആക്രമണം അവസാനിച്ചുവെന്നും ഇപ്പോൾ പരിശോധനകൾ നടക്കുകയാണെന്നും സദ്രാൻ പറഞ്ഞു.
എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്റെ ശത്രുവായ ഖൊറാസൻ പ്രൊവിൻസ് അഫ്ഗാനിസ്ഥാനിൽ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തത് മുതൽ അവർ നിരവധി ആക്രമണങ്ങൾ നടത്തിവരുന്നുണ്ട്.