ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാവൂ: വിവാദമായി കോൺഗ്രസ് നേതാവിന്റെ പരാമർശം
ന്യൂഡൽഹി: ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ തയ്യാറാവണമെന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദത്തിൽ. മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ രാജ പട്ടേരിയയാണ് വിവാദ പരാമർശത്തിന് പിന്നിൽ. കൊല്ലുക എന്ന പ്രയോഗത്തിലൂടെ മോദിയെ തോൽപ്പിക്കുക എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ഉടൻ തന്നെ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പല ബി.ജെ.പി നേതാക്കളും പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.
മധ്യപ്രദേശിലെ പന്ന ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പട്ടേരിയ. “മോദി തിരഞ്ഞെടുപ്പുകൾ നിർത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയാറാവണം” പട്ടേരിയ പറഞ്ഞു. പിന്നീട് ഇതേ പ്രസംഗത്തിൽ, മോദിയെ തോൽപ്പിക്കുക എന്നതാണ് കൊലപാതകം കൊണ്ട് താൻ ഉദ്ദേശിച്ചതെന്നും, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെങ്കിൽ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ അഹിംസ എന്ന ആശയമാണ് താൻ പിന്തുടരുന്നതെന്നും പട്ടേരിയ കൂട്ടിച്ചേർത്തു.
എന്നാൽ ഇന്നത്തെ കോൺഗ്രസ് മഹാത്മാ ഗാന്ധിയുടെ കോൺഗ്രസല്ലെന്നും മുസോളിനിയുടെ മനോഭാവമുള്ള ഒരു ഇറ്റാലിയൻ കോൺഗ്രസ് ആണെന്നുമാണ് പട്ടേരിയയുടെ പരാമർശം സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. പട്ടേരിയയുടെ പരാമർശം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും പറഞ്ഞു.