‘ക്രിസ്മസ് ഛിന്നഗ്രഹം’ എത്തുന്നു; 15ഓടെ ഭൂമിക്ക് അടുത്തെത്തും
മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയോട് അടുക്കുകയാണ്. ക്രിസ്മസ് ഛിന്നഗ്രഹം എന്ന് വിളിപ്പേരുള്ള ഇത് ഈ മാസം 15 ഓടെ ഭൂമിയുടെ അടുത്തെത്തും. ‘2015 ആർഎൻ 35’ എന്നറിയപ്പെടുന്ന ഈ ഛിന്നഗ്രഹം കുറച്ച് കാലമായി ജ്യോതിശാസ്ത്രജ്ഞരെ അതിശയിപ്പിക്കുന്നു.
അതിന്‍റെ സഞ്ചാരപഥം ഏതാണ്, അത് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഈ ഛിന്നഗ്രഹത്തിന് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ വലിപ്പം പോലുമില്ല. പതിച്ചാൽ, ഒരു പ്രദേശത്ത് മുഴുവൻ നാശനഷ്ടം ഉണ്ടാക്കാൻ ശേഷിയുണ്ട്. എന്നാൽ, അപകടസാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
ഇത് തിരിച്ചറിയാനും കണ്ടെത്താനും യൂറോപ്യൻ ബഹിരാകാശ ഏജൻസി ജ്യോതിശാസ്ത്രജ്ഞരെ ക്ഷണിച്ചിട്ടുണ്ട്. ഏകദേശം 4.6 ബില്യൺ വർഷങ്ങൾക്ക് മുമ്പ് സൗരയൂഥം രൂപപ്പെട്ടപ്പോൾ അവശേഷിച്ച പാറക്കഷ്ണങ്ങളാണ് ഛിന്നഗ്രഹങ്ങൾ.