കുരുക്ക് വീണ് ഷാരൂഖ് ഖാന്റെ ‘പഠാൻ’; സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം
ഷാരൂഖ് ഖാന്റെ ‘പഠാൻ’ അടുത്ത വർഷം ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. കോവിഡ് -19 പ്രതിസന്ധിക്ക് ശേഷം വളരെ കുറച്ച് സിനിമകൾ മാത്രമാണ് ബോളിവുഡിൽ വിജയം കുറിച്ചത്. നിർമ്മാതാക്കൾ എല്ലായ്പ്പോഴും മിനിമം ഗ്യാരണ്ടി നൽകുന്ന അക്ഷയ് കുമാറിന് പോലും മുൻപത്തെ വിജയങ്ങൾ ആവർത്തിക്കാൻ കഴിയുന്നില്ല. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമായതിനാൽ പഠാന് ഇൻഡസ്ട്രിയിൽ വൻ പ്രതീക്ഷയാണുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറപ്രവർത്തകർ ഇന്നലെ പുറത്ത് വിട്ടിരുന്നു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെഷറം രംഗ്’ എന്ന ഗാനരംഗത്തിലെ നായിക ധരിച്ച ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനമുയർന്നത്. ഒരു സീനിൽ ദീപിക കാവി ബിക്കിനി ധരിച്ചിരിക്കുന്നതായി കാണാം. ‘ബെഷറം രംഗ്’ (ലജ്ജയില്ലാത്ത നിറം) എന്ന വരി ചേർത്തുവച്ചാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെയുള്ള പ്രചാരണം.
സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നുള്ളതാണ് ട്വീറ്റുകളിൽ ഭൂരിഭാഗവും. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉൾപ്പെടെയുള്ളവർ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഗാനം ഇതിനകം 2.1 കോടിയിലധികം വ്യൂസ് നേടിക്കഴിഞ്ഞു.