കെ-റെയില്‍ വിരുദ്ധ പ്രതിഷേധം ശക്തമാക്കാൻ സമര സമിതി; നിയമസഭ വളയും
കൊച്ചി: കെ-റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതിന് പിന്നാലെ, അടുത്ത നിയമസഭാ സമ്മേളനത്തിൽ കെ-റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ സഭ വളയാൻ തീരുമാനം. പദ്ധതിക്കെതിരെ ഒരു കോടി ഒപ്പുകൾ ശേഖരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനവും നൽകും.
കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെയാണ് സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചത്.
കൊച്ചിയിൽ 11 ജില്ലകളിൽ നിന്നുള്ള സമരസമിതി പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമസഭ വളഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ഒരു കോടിയിലധികം ആളുകളുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നിവേനം സമർപ്പിക്കും.