ചന്ദ്രബോസ് വധക്കേസ്; മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേരളം അപ്പീൽ നൽകി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവിനെതിരെയാണ് സംസ്ഥാനത്തിന്‍റെ അപ്പീൽ. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.
ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ നിഷാമിന്‍റെ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ചന്ദ്രബോസിന് നേരെ നിഷാം ഭ്രാന്തമായ ആക്രമണമാണ് നടത്തിയതെന്ന് വിധി ന്യായത്തിൽ പറഞ്ഞിരുന്നുവെങ്കിലും അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന സർക്കാർ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
മുൻകാല ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. മുൻവൈരാഗ്യത്തോടെയായിരുന്നു പ്രതിയുടെ നടപടി. ശിക്ഷയിലൂടെ പരിഷ്ക്കരിക്കാനാകുന്ന വ്യക്തയല്ല നിഷാമെന്നും സംസ്ഥാനം അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്.