ഇനി പരസ്യങ്ങളും ഒഴിവാക്കും; ‘ട്വിറ്റര്‍ ബ്ലൂ’വിന്റെ പുതിയ പ്ലാന്‍ അവതരിപ്പിക്കാൻ മസ്‌ക്
എലോൺ മസ്ക് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന് ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷനാണ്. ഒരു നിശ്ചിത തുക നല്‍കി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് നിരവധി പ്രീമിയം ഫീച്ചറുകൾ ലഭിക്കും. ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യവും 1080-പിക്സൽ വീഡിയോ പോസ്റ്റ് ചെയ്യാനുള്ള അവസരവും ഇവയിൽ പ്രധാനപ്പെട്ടതാണ്.
‘ട്വിറ്റർ ബ്ലൂ’ വരിക്കാർ മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം പരസ്യങ്ങൾ മാത്രമേ കാണേണ്ടതുള്ളൂ. ഈ അടിസ്ഥാന പ്ലാനിന് ഇന്ത്യയിൽ 999 രൂപയാണ് വില. എന്നിരുന്നാലും, ഇത്രയധികം പണം നൽകിയിട്ടും പരസ്യം പൂർണ്ണമായും നീക്കം ചെയ്യാത്തതിൽ ഉപയോക്താക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നു.
ഇപ്പോൾ, ബേസിക് പ്ലാനിന് പുറമേ, എലോൺ മസ്ക് മറ്റൊരു ‘ട്വിറ്റർ ബ്ലൂ’ പ്ലാൻ കൂടി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പരസ്യങ്ങളില്ലാത്ത ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ പ്ലാനായിരിക്കും ഇത്. പുതിയ പദ്ധതി അടുത്ത വർഷം എത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.