ഷൂട്ടിംഗിനിടെ അപകടം; ഇംഗ്ലീഷ് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫ് ആശുപത്രിയിൽ
ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. ഫ്ളിന്റോഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബിബിസിയുടെ ഷോയായ ടോപ്പ് ഗിയറിന്റെ സഹ-ഹോസ്റ്റുകളിൽ ഒരാളാണ് 45 കാരനായ ഫ്ലിന്റോഫ്. ചൊവ്വാഴ്ച രാവിലെ ലണ്ടനിൽ ടോപ്പ് ഗിയറിന്റെ ടെസ്റ്റ് ട്രാക്കിലാണ് ഫ്ലിന്റോഫ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതെയുള്ളു. അതേസമയം, ഫ്ലിന്റോഫിന്റെ പരിക്ക് ജീവൻ ഭീഷണിയാകുന്ന തരത്തിലല്ലെന്നാണ് സൂചന.
ഫ്രെഡി എന്നറിയപ്പെടുന്ന ഫ്ലിന്റോഫ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. ഇംഗ്ലണ്ടിനായി 79 ടെസ്റ്റ് മത്സരങ്ങൾ ഫ്ലിന്റോഫ് കളിച്ചിട്ടുണ്ട്. 2005ലെ ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ വിജയ ശിൽപിയായിരുന്നു ഫ്ലിന്റോഫ്.