ബിൻലാദനെ സംരക്ഷിച്ച പാകിസ്ഥാന് ധർമോപദേശം നടത്താന്‍ യോഗ്യതയില്ല; എസ് ജയശങ്കർ

ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽരാജ്യത്തെ പാർലമെന്‍റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് ധർമോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

യുഎൻ കൗൺസിലിൽ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് നടന്ന ചർച്ചയിലാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് എസ് ജയശങ്കറിന്‍റെ രൂക്ഷ വിമർശനം ഉയർന്നത്.

“ലോകം അംഗീകരിക്കാത്ത കാര്യത്തെക്കുറിച്ച് ചോദ്യം ഉയർത്തേണ്ട കാര്യംപോലുമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭരണകൂടം പിന്തുണ നല്‍കുന്ന കാര്യത്തിനും അത് ബാധകമാണ്. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അയൽരാജ്യത്തെ പാർലമെന്‍റിനെ ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് യുഎൻ സുരക്ഷാ കൗൺസിലിന് മുന്നിൽ ധാർമ്മിക ഉപദേശം നൽകാൻ യോഗ്യതയില്ലെന്നും” ജയശങ്കർ പറഞ്ഞു.