കാപ്പൻ്റെ ആവശ്യം തള്ളി; കോവിഡ് മഹാമാരിയുടെ സമയത്ത് ഹർജികളുടെ സമയപരിധി നീട്ടിയെന്ന് കോടതി
ന്യൂഡല്‍ഹി: പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കാലാവധിക്ക് ശേഷം ഫയല്‍ ചെയ്ത ഹര്‍ജി തള്ളണമെന്ന മാണി സി. കാപ്പൻ എം എൽ എയുടെ ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി.
ജനപ്രാതിനിധ്യ നിയമപ്രകാരം ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് ഹർജി നൽകണം. എന്നാൽ ഈ കാലയളവിന് ശേഷമാണ് താൻ പാലാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിനെ ചോദ്യം ചെയ്ത് സണ്ണി ജോസഫ് എന്ന വ്യക്തി തിരഞ്ഞെടുപ്പ് ഹർജി നൽകിയതെന്ന് വ്യക്തമാക്കിയാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.
കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഹർജികൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, അഭിഭാഷകൻ റോയ് എബ്രഹാം എന്നിവരാണ് കാപ്പന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.