മദ്യ ദുരന്തത്തിനിരയായവർക്ക് നഷ്ടപരിഹാരമില്ല; നിലപാടിൽ നിന്നും തെല്ലിട മാറാതെ നിതീഷ് കുമാർ
പട്ന: വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 39 ആയിട്ടും
നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. “മദ്യപിക്കുന്നവർ മരിക്കും. ബീഹാറിലെ സ്ത്രീകളുടെ മുറവിളി മൂലമാണ് മദ്യനിരോധനം നടപ്പാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം സാരൻ ജില്ലയിലെ മദ്യദുരന്തവുമായി ബന്ധപ്പെട്ട് നിയമസഭ ഇന്നും പ്രക്ഷുബ്ധമായിരുന്നു. പ്ലക്കാർഡുകളുമായി എത്തിയ ബി.ജെ.പി അംഗങ്ങളുടെ ബഹളം അവഗണിച്ചാണ് സ്പീക്കർ സഭാനടപടികൾ തുടർന്നത്. നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയ അംഗങ്ങൾ നിയമസഭാ മന്ദിരത്തിന് മുന്നിൽ ധർണ നടത്തി. മഹാസഖ്യത്തിലെ ഘടകകക്ഷിയായ സി.പി.ഐ എംഎൽഎമാരും പ്രതിഷേധിച്ചു.
നിരോധന നയത്തിലെ കർശന വ്യവസ്ഥകൾ പിൻ വലിക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സിപിഐ (എംഎൽ)യും ബീഹാറിലെ മദ്യനിരോധന നയം പിൻവലിക്കണമെന്ന് ജന സൂരജ് സംഘടനയുടെ നേതാവ് പ്രശാന്ത് കിഷോറും ആവശ്യപ്പെട്ടു. മദ്യനിരോധന നയത്തെ ന്യായീകരിക്കാൻ നിതീഷ് അനാവശ്യമായി മഹാത്മാഗാന്ധിയുടെ പേര് വലിച്ചിഴയ്ക്കുകയാണെന്നും മദ്യനിരോധനം നിയമത്തിലൂടെ നടപ്പാക്കണമെന്ന നിലപാട് ഗാന്ധിജിക്കില്ലായിരുന്നെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.