ജമ്മു-കാശ്മീരിൽ വെടിവെയ്പ്പിൽ 2 സാധാരണക്കാർ കൊല്ലപ്പെട്ടു; കാരണം സൈന്യമെന്ന് ആരോപണം
രജൗരി: വെള്ളിയാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് പുറത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെടിവയ്പ്പിനും തുടർന്നുള്ള മരണത്തിനും കാരണം “അജ്ഞാതരായ ഭീകരർ” ആണെന്ന് സൈന്യം കുറ്റപ്പെടുത്തിയപ്പോൾ, ഒരു സൈനികൻ വെടിയുതിർത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ, സൈനിക ക്യാമ്പിന്റെ ആൽഫ ഗേറ്റിന് പുറത്ത് നടന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ തെരുവിലിറങ്ങുകയും ക്യാമ്പിന് നേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-പൂഞ്ച് ദേശീയ പാത ഉപരോധിച്ച പ്രക്ഷോഭകാരികളായ നാട്ടുകാരെ സമാധാനിപ്പിക്കാൻ മുതിർന്ന പോലീസ് ഓഫീസർമാർ രംഗത്തുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാവിലെ 6.15 ഓടെ ഒരു സംഘം പ്രദേശവാസികൾ ജോലിക്ക് പ്രവേശിക്കുന്നതിനായി ആർമി ഗേറ്റിന് സമീപത്തേക്ക് വരുമ്പോഴാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ചവർ രജൗരി സ്വദേശികളായ കമൽ കുമാർ, സുരീന്ദർ കുമാർ എന്നിവരാണെന്നും പരിക്കേറ്റ ഉത്തരാഖണ്ഡ് സ്വദേശി അനിൽ കുമാറിനെ സൈന്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.