ചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവില്ലെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഒക്ടോബറിൽ ആഫ്രിക്കയിലെ ഗാംബിയയിൽ 69 കുട്ടികൾ ഇന്ത്യൻ നിർമ്മിത ചുമ മരുന്നുകൾ കഴിച്ചതിനെ തുടർന്ന് വൃക്ക തകരാറിലായി മരിച്ച വാർത്ത പുറത്തു വന്നിരുന്നു. ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച നാല് സിറപ്പുകൾക്കെതിരെയാണ് ആരോപണം. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഗാംബിയ തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന വാർ‌ത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പ്രോമിത്താസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്‍മാലിൻ ബേബി കഫ് സിറപ്പ്, മേകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നത്. എന്നാൽ, സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സാമ്പിളുകളിൽ പിശകില്ലെന്ന് കണ്ടെത്തി. ഇതോടെ ഫാക്ടറി തുറക്കാൻ അനുമതി തേടുമെന്ന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് അറിയിച്ചു.

ഇന്ത്യൻ ജുഡീഷ്യറിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും മെയ്ഡൻ മാനേജിംഗ് ഡയറക്ടർ നരേഷ് കുമാർ ഗോയൽ പറഞ്ഞു. ഫാക്ടറി തുറക്കാൻ ഉടൻ തന്നെ അധികാരികളോട് അനുമതി തേടുമെന്നും പക്ഷേ അത് എപ്പോൾ സാധ്യമാകുമെന്ന് തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.