മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യണം; ആഗ്രഹം സാധിച്ച് 4 പേർക്ക് പുതുജീവനേകി ധീരജ് യാത്രയായി

മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യണം. ധീരജിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു അത്. ഒടുവിൽ ആ ആഗ്രഹം സാധിച്ച് 4 പേർക്ക് പുതുജീവൻ നൽകിയാണ് തൃശൂർ കാട്ടൂർ സ്വദേശി ജോർജിന്റെയും മേരിയുടെയും മകനായ 44കാരൻ മടങ്ങുന്നത്.

തലവേദനയും, ഛർദിയും കലശലായതിനെ തുടർന്നാണ് ധീരജ് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തലച്ചോറിൽ അമിതമായ രക്തസ്രാവം കണ്ടെത്തിയതിനാൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. തുടർന്ന് സ്ഥിതി ഗുരുതരമായതിനാൽ ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റി. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ധീരജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു.

കരൾ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുണ്ടായിരുന്ന തൃശൂർ സ്വദേശിയായ 46 കാരനും, വൃക്കകൾ കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിനും, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനുമായി നൽകി. കണ്ണുകൾ ഗിരിധർ ആശുപത്രിയിലേക്കാണ് എത്തിച്ചത്.