ആഭ്യന്തര അസംസ്‌കൃത എണ്ണ കയറ്റുമതിക്കുള്ള അധിക നികുതി കുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ആഭ്യന്തര അസംസ്കൃത എണ്ണ കയറ്റുമതിയുടെ അധിക നികുതി കുറച്ച് കേന്ദ്രം. ടണ്ണിന് 4,900 രൂപയില്‍ നിന്നും 1,700 രൂപയായാണ് ക്രൂഡ് ഓയിലിന് നികുതി കുറച്ചത്. നികുതി ഇളവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഡീസല്‍ കയറ്റുമതി നികുതി ലിറ്ററിന് 8 രൂപയില്‍ നിന്ന് 5 രൂപയായും വിമാന ഇന്ധനത്തിൻ്റെ വിദേശ കയറ്റുമതി നികുതി 5 രൂപയില്‍ നിന്നും 1.5 രൂപയായും കേന്ദ്രം കുറച്ചിട്ടുണ്ട്.

നവംബർ മുതൽ ക്രൂഡ് ഓയിൽ വിലയിൽ ആഗോളതലത്തിൽ 14 ശതമാനം വരെ ഇടിവ്‌ സംഭവിച്ച പശ്ചാത്തലത്തിലാണ് അധിക നികുതി വെട്ടിക്കുറച്ചത്. ജൂലൈ മുതലാണ് കേന്ദ്ര സർക്കാർ എണ്ണ കമ്പനികൾ നേടുന്ന അധിക ലാഭത്തിന് അധിക നികുതി ചുമത്താൻ തുടങ്ങിയത്.