മോദിക്കെതിരായ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന; ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യ. ഗുജറാത്ത് കലാപവുമായി പ്രധാനമന്ത്രിയെ ബന്ധപ്പെടുത്തി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ബംഗ്ലാദേശിൽ പാകിസ്ഥാൻ നടത്തിയ വംശഹത്യയാണ് 1971ൽ ഇതേദിവസം ഇന്ത്യ യുദ്ധത്തിലൂടെ ചെറുത്തതെന്ന് മറക്കരുതെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ കൂടുതൽ താഴേക്ക് പോകുന്നുവെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ പരാമർശമെന്നും ഭീകരവാദികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാൻ എന്ന് ലോകത്തിന് അറിയാമെന്നും ഇന്ത്യ പറഞ്ഞു.
ഭീകരവാദം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി യോഗത്തിലാണ് ബിലാവൽ ഭൂട്ടോയുടെ പരാമർശം. മുംബൈ ഭീകരാക്രമണത്തിനിടെ അജ്മൽ കസബ് വെടിയുതിർത്ത ആശുപത്രിയിലെ നഴ്സായ അഞ്ജലി കുൽത്തെ തന്‍റെ അനുഭവം യോഗത്തിൽ വിവരിച്ചു. യുഎഇയും ബ്രിട്ടനും അഞ്ജലിയുടെ വാക്കുകൾ ഹൃദയത്തെ സ്പര്ശിക്കുന്നുവെന്നും പ്രതികരിച്ചു.