കോവിഡ് നിയന്ത്രണങ്ങൾ നീക്കി; 2023ൽ ചൈനയെ കാത്തിരിക്കുന്നത് 10 ലക്ഷം മരണം

ഷിക്കാഗോ: കർശനമായ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കിയതോടെ, ചൈനയിൽ കോവിഡ് കേസുകളും മരണങ്ങളും ഗണ്യമായി ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) പ്രോജക്റ്റ് റിപ്പോർട്ട് അനുസരിച്ച്, 2023 ൽ ചൈനയിൽ ഒരു ദശലക്ഷത്തിലധികം കോവിഡ്-19 മരണങ്ങൾ ഉണ്ടാകും.

ജനകീയ പ്രതിഷേധം ശക്തമായതോടെ ചൈന കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. അടുത്ത വർഷം ഏപ്രിൽ ഒന്നിന് കേസുകൾ പരമാവധിയിലെത്തുമെന്നും മരണസംഖ്യ 3.22 ലക്ഷത്തിലെത്തുമെന്നും ഐഎച്ച്എംഇ പ്രവചിക്കുന്നു. ചൈനയിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ഈ സമയത്തിനകം വൈറസ് ബാധിച്ചിരിക്കുമെന്നും ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മറെ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ചൈനയിലെ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡിസംബർ മൂന്നിനാണ് ചൈനയിലെ അവസാന കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തത്. ആകെ മരണം 5,235 ആണ്. മഹാമാരിയുടെ തുടക്കത്തിൽ ചൈനയുടെ സീറോ-കോവിഡ് നയം ഫലപ്രദമായിരുന്നു. എന്നിരുന്നാലും, ഒമൈക്രോൺ വകഭേദം ഉണ്ടായപ്പോൾ, രോഗവ്യാപനം തടയാൻ കഴിഞ്ഞില്ല, മറെ പറഞ്ഞു. കൊവിഡ് വീണ്ടും പടരാൻ തുടങ്ങിയതോടെയാണ് ചൈനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പല പ്രവിശ്യകളിലും ലോക്ക്ഡൗണിന് സമാനമായ സാഹചര്യമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.