ദേശീയപാത വികസനം; മതിയായ നഷ്ടപരിഹാരം നല്‍കിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ദേശീയപാത വികസനത്തിൽ ആരും ദുരിതമനുഭവിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി വിട്ടുനൽകിയ എല്ലാവർക്കും മതിയായ നഷ്ടപരിഹാരം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടന്ന ജില്ലയാണ് മലപ്പുറം. അവിടെയടക്കം ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. ഉചിതമായ നഷ്ടപരിഹാരം ലഭിച്ചുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി തന്നെ പറഞ്ഞിട്ടുണ്ട്. വിവിധ പദ്ധതികളുടെ കാര്യത്തിൽ നാട്ടുകാർ സർക്കാരിനൊപ്പം നിൽക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ചില ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലർ പ്രത്യേക ഉദ്ദേശ്യത്തോടെ വികസനത്തെ എതിർക്കുന്നു. ഇവരെല്ലാം നാടിന്റെ താൽപര്യത്തിന് എതിരാണ്.

സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പശ്ചാത്തല സൗകര്യ വികസനം വേണ്ടെന്നു വയ്ക്കില്ല. അതുകൊണ്ടാണ് കിഫ്ബി ഉപയോഗപ്പെടുത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കെതിരെ തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾ തിരിച്ചറിയണം”. കണ്ണൂരിലെ ചേരിക്കൽ കോട്ടം പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.