കൊച്ചിയിൽ ലഹരി ഇടപാടുകളുടെ 59 ബ്ലാക്സ്പോട്ടുകൾ; സെൻട്രൽ സ്റ്റേഷൻ പരിധിയിൽ മാത്രം 4 എണ്ണം
കൊച്ചി: എറണാകുളം നഗരത്തിൽ ലഹരി ഇടപാടുകളുടെ 59 ബ്ലാക്ക് സ്പോട്ടുകൾ പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് പരിധിയിലെ 23 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ലഹരി സിൻഡിക്കേറ്റുകൾ കേന്ദ്രങ്ങളാക്കിയിരിക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്. സെൻട്രൽ സ്റ്റേഷൻ പരിധിയിൽ സിറ്റി കമ്മീഷണറുടെ മൂക്കിന് താഴെ 4 ബ്ലാക് സ്പോട്ടുകളാണുള്ളത്. മട്ടാഞ്ചേരി, പള്ളുരുത്തി സ്റ്റേഷനുകളുടെ പരിധിയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വീതം.
ക്രിസ്മസ്, പുതുവത്സരം എന്നിവയ്ക്ക് മുന്നോടിയായി ലഹരി ഇടപാടുകൾക്ക് തടയിടാനുള്ള ശ്രമത്തിലാണ് സിറ്റി പൊലീസ്. ഈ വർഷം, നഗരത്തിലേക്ക് ഒഴുകിയ ലഹരിയുടെ അളവിലും റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി. ഈ വർഷം നവംബർ വരെ 2,477 കേസുകളാണ് സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത്. ലഹരി കേസുമായി ബന്ധപ്പെട്ട് 2,710 പേരാണ് അറസ്റ്റിലായത്.
കഞ്ചാവും ഹാഷിഷും പിടികൂടിയിരുന്ന സ്ഥാനത്ത് ഇപ്പൊൾ എംഡിഎംഎയാണ് കൂടുതൽ ലഭിക്കുന്നത്. എം.ഡി.എം.എ മാത്രം ഒരു കിലോയിലധികം പൊലീസ് പിടികൂടി. 23.5 കിലോ ബ്രൗൺ ഷുഗറും പിടിച്ചെടുത്തു. 48.85 കിലോ കഞ്ചാവാണ് പിടികൂടിയത്. എട്ട് കഞ്ചാവ് ചെടികൾ, 1873 കഞ്ചാവ് ബീഡികൾ, 11 കഞ്ചാവ് സിഗരറ്റ്, ഹാഷിഷ്, ഹാഷിഷ് ഓയിൽ, ചരസ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.