ലോക റാങ്കിംഗിൽ ഇപ്പോഴും ഒന്നാമൻ ബ്രസീൽ; അർജന്റീനയ്ക്ക് തിരിച്ചടിയായത് ഷൂട്ടൗട്ട്
സൂറിച്ച്: മൂന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ ഫിഫ ലോകകപ്പ് നേടിയെങ്കിലും ലോക റാങ്കിംഗിൽ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റെങ്കിലും ഫിഫ റാങ്കിംഗിൽ ബ്രസീൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിംഗ് പോയിന്റുകൾ കുറവായതിനാൽ ലോകകപ്പ് വിജയത്തിൽ അർജന്റീനയ്ക്ക് തിരിച്ചടി നേരിട്ടു. ഫിഫയുടെ പുതുക്കിയ റാങ്കിംഗ് വ്യാഴാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചിരുന്നെങ്കിൽ അർജന്റീനയ്ക്ക് ഒന്നാമതെത്താമായിരുന്നു. പക്ഷെ ബ്രസീൽ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2022 ഫെബ്രുവരിയിലാണ് ബെൽജിയത്തെ മറികടന്ന് ബ്രസീൽ ലോക റാങ്കിങ്ങിൽ ഒന്നാമൻമാരായത്.
ഖത്തർ ലോകകപ്പിൽ ബ്രസീൽ ആകെ മൂന്ന് വിജയങ്ങൾ നേടിയിട്ടുണ്ട്. നിശ്ചിത സമയത്ത് ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോടും ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയോടും തോറ്റു. മറുവശത്ത്, ഖത്തറിൽ നിശ്ചിത സമയത്ത് അർജന്റീനയ്ക്ക് 4 വിജയങ്ങളുണ്ട്. ഫൈനലിൽ ഫ്രാൻസിനെതിരെ ഉൾപ്പെടെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ട് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അവർ സൗദി അറേബ്യയോട് തോറ്റിരുന്നു.