എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തികളാക്കി പിന്‍വാതില്‍ നിയമനത്തിനായി ചെലവിട്ടത് ലക്ഷങ്ങള്‍
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പിൻവാതിൽ നിയമനം നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവഴിച്ചത് ലക്ഷങ്ങൾ. വിജ്ഞാപനങ്ങൾ, പരീക്ഷകൾ, ഇന്റർവ്യൂ എന്നിവ ക്ഷണിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന് (സിഎംഡി) 20 ലക്ഷത്തോളം രൂപ നൽകിയതായാണ് വിവരം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സേവനം ചെലവില്ലാതെ ലഭ്യമാകുന്ന സമയത്താണ് സർക്കാർ ഖജനാവിൽ നിന്നുള്ള ഈ പാഴാക്കൽ. കരാർ നിയമനങ്ങളിലെ ക്രമക്കേടിൽ സർക്കാർ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനം മാത്രം ഇതുമായി ബന്ധപ്പെട്ട് 8.60 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
2020 മുതൽ കെ.ഡിസ്ക്, കിഫ്ബി, കെ.എസ്.ഐ.ഡി.സി., ഡിജിറ്റൽ സർവകലാശാല, കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സമാന്തരമായി അഞ്ഞൂറിലധികം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ നിന്നെല്ലാം പരീക്ഷ നടത്തിപ്പിനായി പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കിലും വാണിജ്യ രഹസ്യമായതിനാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന നിലപാടിലാണ് സിഎംഡി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംവിധാനം ഉള്ളപ്പോൾ നിയമനത്തിന് പണം മുടക്കുന്നത് നിയമവിരുദ്ധമാണ്. കൺസൾട്ടൻസി സ്ഥാപനമായ സിഎംഡിയുടെ മറവിലാണ് സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടക്കുന്നത്. ഇഷ്ടമുള്ളവരെ നിയമിക്കുന്നതിനായി വിജ്ഞാപനം തയ്യാറാക്കി സിഎംഡിക്ക് കൈമാറും. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ഇന്റർവ്യൂ പാനലിൽ നിയമനം നടക്കുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയും ഉണ്ടായിരിക്കും. നേരത്തെ നിശ്ചയിച്ചവർക്ക് നിയമനം നൽകും.