ഇനിമുതൽ പൊലീസിന് നേരിട്ട് ‘കാപ്പ’ ചുമത്താം
തിരുവനന്തപുരം: പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാപ്പ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ) ആക്ട് പ്രയോഗിക്കാമെന്ന് തീരുമാനം. നിലവിൽ കാപ്പ അറസ്റ്റുകൾക്ക് കളക്ടർമാരുടെ നേതൃത്വത്തിലുള്ള സമിതിയാണ് അംഗീകാരം നൽകുന്നത്. പോലീസിന് ഇനി നേരിട്ട് കാപ്പ ചുമത്താം. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കളക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷം വരെ സ്വന്തം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാം. ആറ് മാസം വരെ വിചാരണ കൂടാതെ ഇവരെ തടങ്കലിൽ വയ്ക്കാം. കാപ്പ നിയമപ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ 734 അറസ്റ്റുകൾക്ക് പോലീസ് അനുമതി തേടിയെങ്കിലും 245 പേരെ മാത്രമാണ് കളക്ടർമാർ അനുവദിച്ചത്. കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
ഡി.ജി.പി ആഭ്യന്തര വകുപ്പിന് നൽകിയ നിരവധി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ ചുമത്തി തടങ്കലിൽ വയ്ക്കാനും യോഗം തീരുമാനിച്ചു. രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കിലും ഐപിസി പ്രകാരം ഗുരുതരമായ കുറ്റമാണെങ്കിൽ കാപ്പ പ്രയോഗിക്കാം.