വീണ്ടും കോവിഡ് മുന്‍കരുതല്‍: എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 കേസുകളുടെ എണ്ണം കുറവാണെങ്കിലും, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് കണക്കിലെടുത്ത് സർക്കാർ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദം കൂടുതൽ വ്യാപന ശേഷിയുള്ളതിനാൽ ജാഗ്രത പാലിക്കണം.
എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാൻ മന്ത്രി വീണാ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന റാപ്പിഡ് റെസ്പോൺസ് ടീം യോഗം നിർദേശം നൽകി. വായും മൂക്കും മൂടത്തക്കവിധം എല്ലാവരും മാസ്ക് ധരിക്കണം.
പ്രായമായവർ, രോഗബാധിതർ, കുട്ടികൾ എന്നിവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണമെന്ന മുൻ നിർദ്ദേശം യോഗം ആവർത്തിച്ചു. റിസർവ് ഡോസ് ഉൾപ്പെടെ വാക്സിനേഷൻ എടുക്കാത്ത എല്ലാവരും വാക്സിൻ എടുക്കണം. രോഗലക്ഷണങ്ങളുള്ളവരിൽ കൊവിഡ് പരിശോധന നടത്താൻ യോഗം നിർദ്ദേശിച്ചു.