വ്യാജ വാർത്ത പ്രചരിപ്പിച്ച 3 യൂട്യൂബ് ചാനലുകൾക്ക്‌ കേന്ദ്ര സർക്കാർ വിലക്ക്‌

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി. വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് ഇന്ത്യാ ഗവണ്മെന്‍റിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏകദേശം 330,000 സബ്സ്ക്രൈബേഴ്സും 300 ദശലക്ഷത്തിലധികം കാഴ്ചക്കാരുമുള്ള ചാനലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനാണ് നിരോധിച്ചത്.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഈ മൂന്ന് ചാനലുകളും നീക്കം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം 300 ദശലക്ഷം വരിക്കാരുള്ള ചാനലുകളായിരുന്നു ഇവ. നിരോധിച്ച യൂട്യൂബ് ചാനലുകളുടെ പേരുകൾ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തുവിട്ടു.

ന്യൂസ് ഹെഡ്ലൈൻസ്, സർക്കാരി അപ്ഡേറ്റുകൾ, ആജ് തക് ലൈവ്സ് എന്നിവയാണ് നിരോധിച്ച യൂട്യൂബ് ചാനലുകൾ. സുപ്രീം കോടതിയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, സെൻസേഷണൽ വാർത്തകൾ പ്രചരിപ്പിക്കുക, വിവിധ സർക്കാർ പദ്ധതികൾ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം), കാർഷിക വായ്പകൾ എന്നിവയെക്കുറിച്ച് വ്യാജവാർത്തകൾ സൃഷ്ടിക്കൽ എന്നിവയ്ക്കാണ് നടപടി.