യെമനിൽ എത്തിയത് പഠിക്കാൻ; കാസർകോട് സ്വദേശിയുടെ വീഡിയോ സന്ദേശം പുറത്ത്

കാസർകോട്: യെമനിലേക്ക് പോയ തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് ഷബീറിന്‍റെ വീഡിയോ സന്ദേശം പുറത്ത്. യെമനിലെ തരീമിലെ ദാറുൽ മുസ്തഫ ക്യാമ്പസിലാണ് തങ്ങളിപ്പോൾ ഉള്ളതെന്ന് ഷബീർ വീഡിയോ സന്ദേശത്തിൽ പറയുന്നു. യെമനിലെ പണ്ഡിതനായ ഹബീബ് ഉമറിന്‍റെ ശിക്ഷണത്തിൽ സൂഫിസവും അറബിയും പഠിക്കാൻ വന്നതാണെന്നും വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും എല്ലാ വിസ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് യെമനിലെത്തിയതെന്നും വീഡിയോയിൽ പറയുന്നു.

കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഷബീർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ഷബീറിന്‍റെ കുടുംബം പ്രതികരിച്ചു.

ഷബീറും ഭാര്യ റിസ്വാനയും നാല് മക്കളും കഴിഞ്ഞ 12 വർഷമായി യുഎഇയിലാണ് താമസം. കഴിഞ്ഞ നാല് മാസമായി ഇവരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഇന്നലെ ചന്തേര പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്നാലെ കുടുംബം യെമനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ഷബീറും ഭാര്യയും വാട്സ്ആപ്പ് വഴി ചിലരെ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ ഇതുവരെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിട്ടില്ല.