ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹർജി
എറണാകുളം: ഭരണഘടനയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ ബിജു നോയലാണ് ഹർജി നൽകിയത്. അന്വേഷണം സി.ബി.ഐക്കോ കേരളത്തിന് പുറത്തുള്ള കർണാടക പൊലീസിനോ കൈമാറണമെന്നാണ് ഹർജിയിലെ ആവശ്യം. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികൾ ഉണ്ടായിട്ടും ശരിയായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കുന്ന തരത്തിലുള്ള പൊലീസ് റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയതെന്നും ഹർജിയിൽ പറയുന്നു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സജി ചെറിയാൻ വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സജി ചെറിയാൻ ഭരണഘടനയെക്കുറിച്ച് വിമർശനാത്മകമായി മാത്രമാണ് സംസാരിച്ചത്. ഭരണഘടനയെയോ ഭരണഘടനയുടെ ശിൽപികളെയോ അവഹേളിച്ചിട്ടില്ല. അതിനാൽ, കേസ് കൂടുതൽ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചതായി തങ്ങൾക്ക് തോന്നിയിട്ടില്ലെന്നാണ് പ്രസംഗം കേട്ടവർ പറഞ്ഞത്.
പ്രസംഗം വിവാദമായതോടെ ജൂലൈ ആറിന് സജി ചെറിയാൻ രാജിവച്ചിരുന്നു. സജി ചെറിയാനെതിരേ തെളിവൊന്നും കിട്ടാത്തതിനെ തുടർന്നാണ് അന്വേഷണം അവസാനിപ്പിച്ചത്. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചത്.