യുക്രൈനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പുടിന്
മോസ്കോ: യുദ്ധം ആരംഭിച്ച് 10 മാസം തികയുന്നതിന് ഒരു ദിവസം മുൻപ് യുക്രൈനുമായുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. 2022 ഫെബ്രുവരി 24ന് യുക്രൈനെതിരെ പ്രത്യേക സൈനിക നടപടി എന്ന പേരിലാണ് റഷ്യ യുദ്ധം ആരംഭിച്ചത്.
യുദ്ധം ആരംഭിച്ച് ഇത്രയും കാലം ആക്രമണങ്ങളെ യുദ്ധം എന്ന് വിളിക്കാൻ പുടിനോ റഷ്യയോ തയ്യാറായില്ല. യുദ്ധത്തിന് പകരം സംഘര്‍ഷം എന്ന വാക്കാണ് പുടിൻ ഉപയോഗിച്ചതെന്നത് ശ്രദ്ധേയമാണ്. “ഞങ്ങളുടെ ലക്ഷ്യം ഈ സംഘർഷം അവസാനിപ്പിക്കുക എന്നതാണ്. ഞങ്ങൾ അതിനായി പരിശ്രമിക്കുകയാണ്. എല്ലാം അവസാനിച്ചു എന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും, എത്രയും വേഗം, അത്രയും നല്ലത്.” പുടിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“എല്ലാ സംഘട്ടനങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ചർച്ചകളിൽ അവസാനിക്കുന്നു… എതിരാളികൾ എത്ര വേഗത്തിൽ അത് മനസ്സിലാക്കുന്നുവോ അത്രയും നന്നായിരിക്കും,” പുടിൻ കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ യുക്രൈന് തലസ്ഥാനമായ കീവ് നേരിട്ട് പിടിച്ചെടുക്കാനായിരുന്നു പുടിന്റെ പദ്ധതി. എന്നാൽ യുക്രൈന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ നിശ്ചയദാർഢ്യം കാരണം റഷ്യൻ സൈന്യത്തിന് പിന്മാറേണ്ടിവന്നു. തുടർന്ന് റഷ്യ വടക്കുപടിഞ്ഞാറൻ യുക്രൈനില്‍ നിന്ന് സൈന്യത്തെ പിൻവലിക്കുകയും തെക്കുകിഴക്കൻ മേഖലയിൽ യുദ്ധം പുനരാരംഭിക്കുകയും ചെയ്തു. മുമ്പ് റഷ്യൻ വിമതർ കൈവശം വച്ചിരുന്ന ഡോൺബാസ് മേഖലയിലാണ് ഇപ്പോഴും പോരാട്ടം നടക്കുന്നത്. അതേസമയം, റഷ്യക്ക് ഇതുവരെ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായെന്ന് യുക്രൈന് ആരോപിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയെന്ന് അവകാശപ്പെടുന്ന റഷ്യയ്ക്കെതിരെ സ്വയം പ്രതിരോധിക്കാൻ യുക്രൈനെ സഹായിച്ചത് നാറ്റോയുടെ പൂർണ്ണ പിന്തുണയാണ്.