വേറിട്ട ക്രിസ്മസ് ആഘോഷവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ, നെയ്യാറ്റിൻകര നിംസ് ആനി സള്ളിവൻ പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളിലെ 71 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആഘോഷങ്ങളിൽ പങ്കെടുത്തു.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ സന്ദർശിച്ച കുട്ടികൾക്കായി കരോൾ, നൃത്ത പ്രകടനങ്ങൾ, കേക്ക് മുറിക്കൽ എന്നിവ ക്രമീകരിച്ചു. ടിയാൽ, എയർ ഇന്ത്യ എന്നിവ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. തുടർന്ന് കുട്ടികൾ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിന്റെ എംആർഒ (മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ) യൂണിറ്റ് സന്ദർശിക്കുകയും വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിക്കുകയും ചെയ്തു.
മറക്കാനാകാത്ത അനുഭവങ്ങളുമായാണ് കുട്ടികൾ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങൾക്കായി ക്രിസ്മസ് ട്രീ, കരോൾ മത്സരങ്ങളും സംഘടിപ്പിച്ചു.