നയത്തില്‍ മാറ്റം വരുത്തും; മൂല്യനിര്‍ണയത്തിന് സമ്മതിച്ച് ബൈജൂസ്
ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്സുകളും വായ്പകളും വാഗ്ദാനം ചെയ്യുന്നതിനു മുമ്പ് അവർക്ക് ചിലവ് താങ്ങാനാകുമോ എന്നു വിലയിരുത്താനും സമ്മതിച്ചതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) മേധാവി പ്രിയങ്ക് കനൂംഗോ. ഇതുസംബന്ധിച്ച് ബൈജൂസ് കമ്മിഷനു കത്തയച്ചിട്ടുണ്ടെന്നും കനൂംഗോ പറഞ്ഞു.
കൂടുതൽ വിശദാംശങ്ങൾ ആവശ്യമുള്ളതിനാൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ തിങ്കളാഴ്ച ബൈജൂസുമായി ചർച്ച നടത്തും. ഈ യോഗത്തിനു ശേഷം, എൻസിപിസിആർ അവർക്ക് രേഖാമൂലമുള്ള ശുപാർശകൾ നൽകും. 25,000 രൂപയിൽ താഴെ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങൾക്ക് കോഴ്സുകൾ വിൽക്കില്ലെന്നും ബൈജൂസ് സമ്മതിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാ സെയില്‍സ് ജീവനക്കാരുടെയും പോലീസ് വെരിഫിക്കേഷന്‍ നടത്താനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ബൈജൂസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ബൈജൂസ് കോഴ്സുകൾ ശരിയായി വിൽക്കുന്നില്ലെന്നും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ചൂഷണം ചെയ്യുന്നുവെന്നുമുള്ള പരാതികളെ തുടർന്ന് ഡിസംബർ 17നു ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ബൈജൂസ് സിഇഒ ബൈജു രവീന്ദ്രനെ വിളിച്ചുവരുത്തിയിരുന്നു.