അമേരിക്കയിൽ ബോംബ് സൈക്ലോൺ; ക്രിസ്മസ് ദിനത്തിലും കൊടും ശൈത്യത്തിൻ്റെ ഭീതിയിലമര്‍ന്ന് ജനങ്ങൾ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശീതക്കൊടുങ്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിൻ്റെ പിടിയിൽ അകപ്പെട്ട് പത്ത് ലക്ഷത്തോളം ജനങ്ങൾ. ബോംബ് സൈക്ലോണ്‍ എന്നറിയപ്പെടുന്ന തണുത്ത കൊടുങ്കാറ്റ് ഇനിയും നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 20 പേരാണ് കൊടുങ്കാറ്റിൽ മരിച്ചത്. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പടിഞ്ഞാറൻ സംസ്ഥാനമായ മൊണ്ടാനയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. -45 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ താപനില. ഫ്ലോറിഡ, ജോർജിയ, ടെക്സസ്, മിനസോട്ട, ലോവ, വിസ്കോൻസിൻ, മിഷിഗൺ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. കനത്ത മഞ്ഞുവീഴ്ച കാരണം പല പ്രദേശങ്ങളിലും ദൂരകാഴ്ച മോശമായതിനാൽ തിരക്കേറിയ ക്രിസ്മസ് അവധി ദിവസങ്ങളിൽ നഗരത്തിലെ പല റോഡുകളും നിശ്ചലമായി. ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. കാനഡയിലെ ഒന്‍റാറിയോയിലും ക്യൂബെക്കിലും സ്ഥിതി സമാനമാണ്. രക്തചംക്രമണം മന്ദഗതിയിലാക്കുന്നത് ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെന്‍റക്കി, ന്യൂയോർക്ക്, സൗത്ത് കരോലിന എന്നിവിടങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിസ്കോൺസിനിൽ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.