പാർട്ടി താൽപര്യം ബലി കഴിപ്പിക്കുന്ന പ്രവണത തിരുത്തും: പി.ജയരാജൻ
കണ്ണൂർ: ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ. വ്യക്തിപരമായ താൽപര്യങ്ങൾക്കായി പാർട്ടി താൽപര്യങ്ങൾ ബലി കഴിക്കുന്ന പ്രവണത തിരുത്തുമെന്നും കാഞ്ഞങ്ങാട്ട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ പി ജയരാജൻ പറഞ്ഞു. വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന പി.ജയരാജന്റെ മുന്നറിയിപ്പ് ഇ.പിയെ ലക്ഷ്യം വച്ചുള്ളതാണെന്ന വ്യാഖ്യാനം ശക്തമാണ്.
സമൂഹത്തിലെ അപചയം പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തിഗത താൽപ്പര്യം പാർട്ടിയുടെ താൽപ്പര്യത്തിന് കീഴ്പ്പെടണം. ഓരോ പാർട്ടി അംഗവും ഒപ്പിട്ട് നൽകുന്ന പ്രതിജ്ഞയുടെ ഭാഗം കൂടിയാണിത്. പാർട്ടി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്കെതിരായ ആശയങ്ങൾ പ്രവർത്തകരിൽ നിന്നും ഉണ്ടായാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യും. പാർട്ടിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താൻ തയ്യാറാവാത്തവർക്ക് സി.പി.എമ്മിൽ സ്ഥാനമുണ്ടാകില്ല.
ഓരോ നേതാവും അംഗവും പാർട്ടിക്ക് കീഴടങ്ങുന്ന നിലപാട് സ്വീകരിക്കണം. പാർട്ടി ഉയർത്തിപ്പിടിക്കുന്നത് മതേതരത്വമാണ്. അണികളിൽ എതിർ ആശയങ്ങൾ ഉണ്ടെങ്കിൽ പാർട്ടി ചൂണ്ടിക്കാണിക്കും, ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയ്യാറാകാത്തവർക്ക് സി.പി.എമ്മിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.