മനുഷ്യന്റേത് പോലെ പല്ലുകൾ; ഡൈവിംഗിനിടെ യുവാവിനെ ആക്രമിച്ച് ട്രിഗർഫിഷ്
ഡൈവിംഗ് ചെയ്തുകൊണ്ടിരിക്കെ യുവാവിനെ കടിച്ച് മത്സ്യം. മീൻ കടിക്കുകയോ എന്ന് അത്ഭുതപ്പെടേണ്ട. ആ മത്സ്യത്തിൻ്റെ പല്ല് മനുഷ്യരുടേതു പോലെയായിരുന്നു. അമേരിക്കയിലെ അലബാമ സ്വദേശിയായ അലക്സ് പികുലിനെയാണ് (31) ഈജിപ്തിലെ ഷാം എൽ ഷെയ്ഖ് തീരത്ത് സ്കൂബ ഡൈവിംഗിനിടെ ട്രിഗർ ഫിഷ് കടിച്ചത്.
അലക്സ് എട്ട് പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം ഡൈവിംഗ് നടത്തുകയായിരുന്നു. ഇതിനിടയിൽ അലക്സ് ദിശ മാറ്റി. ഇതിനിടയിൽ, സംഘം മത്സ്യത്തിന്റെ മുട്ടകൾക്ക് മുകളിലൂടെ നീങ്ങിയെന്നും ആ സമയത്ത് ട്രിഗർഫിഷ് അലക്സിനെ ആക്രമിച്ചുവെന്നും പറയപ്പെടുന്നു. സംഘത്തിലുണ്ടായിരുന്നവരെ പിന്തുടരാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, നീന്തി മാറാൻ ശ്രമിച്ചിട്ടും മത്സ്യം തന്റെ കാലിൽ കടിക്കുകയായിരുന്നുവെന്ന് അലക്സ് പറഞ്ഞു.
കാല് മുറിഞ്ഞു എന്നും രക്തം ഒഴുകുന്നുണ്ട് എന്നും തോന്നിയതായി അലക്സ് പറഞ്ഞു. അറിയാതെ വെള്ളത്തിനടിയിൽ നിലവിളിക്കുക പോലും ചെയ്തുവെന്നും അലക്സ് പറഞ്ഞു. ട്രിഗർ ഫിഷിനെ ഞാൻ മുമ്പും കണ്ടിട്ടുണ്ട്. എനിക്കത് രസകരമായി തോന്നി. അവയ്ക്ക് ഇതുപോലെ പല്ലുകളുണ്ട് എന്നോ അത് ഇങ്ങനെ ആക്രമിക്കുമായിരുന്നു എന്നോ തനിക്ക് അറിയുമായിരുന്നില്ല എന്നും അലക്സ് പറഞ്ഞു.