സത്യേന്ദര്‍ ജെയിനിൻ്റെ ജയിലിലെ വിഐപി പരിഗണന വിവാദം; 15 ദിവസത്തേക്ക് സന്ദര്‍ശക വിലക്ക്
ന്യഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയവെ, വിഐപി പരിഗണന ലഭിക്കുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, 15 ദിവസത്തേക്ക് ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടെന്ന് തീരുമാനം. സെല്ലിൽ മന്ത്രിക്ക് അനുവദിച്ച കസേരയും മേശയും ഉൾപ്പെടെയുള്ള സൗകര്യങ്ങളും നീക്കി.
ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന നിയോഗിച്ച സമിതി സമർപ്പിച്ച ശുപാർശകളുടെ പശ്ചാത്തലത്തിലാണ് നടപടി. സത്യേന്ദർ ജെയിനിന് സൗകര്യങ്ങൾ ഒരുക്കിയതിൽ അന്ന് ജയിലിന്‍റെ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലിന് പങ്കുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഡിഎംസി) തിരഞ്ഞെടുപ്പും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. മന്ത്രിക്ക് ഫിസിയോതറാപ്പിയാണെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.