ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ; പട്ടികയില്‍ രണ്ടാം സ്ഥാനം
ധാക്ക: 2023 ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയതോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
നിലവിൽ 58.93 ആണ് ഇന്ത്യയുടെ റേറ്റിംഗ്. 76.92 റേറ്റിംഗുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ഇനി ഒരു ടെസ്റ്റ് പരമ്പര മാത്രമേ ബാക്കിയുള്ളൂ. ഓസ്ട്രേലിയയ്ക്കെതിരായ 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പരമ്പര ജയിച്ചാൽ ഇന്ത്യക്ക് എളുപ്പത്തിൽ ഫൈനലിലെത്താൻ സാധിക്കും. ഓസ്ട്രേലിയ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ എത്തിയിരുന്നെങ്കിലും ന്യൂസിലൻഡിനോട് തോറ്റിരുന്നു. ഇന്ത്യയെക്കൂടാതെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കും ഫൈനലിലെത്താൻ സാധ്യതയുണ്ട്. പോയിന്റ് ടേബിളിൽ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും ശ്രീലങ്ക നാലാം സ്ഥാനത്തുമാണ്. നിലവിൽ ഓസ്ട്രേലിയയ്ക്കെതിരെ മത്സരിക്കുന്ന ശ്രീലങ്ക അടുത്ത പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. മറുവശത്ത്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലൻഡിനെ അടുത്ത പരമ്പരയിൽ ശ്രീലങ്ക നേരിടും.